---
title: "വിവാഹം കഴിഞ്ഞ് 40-ാം നാൾ കാവ്യയെ തനിച്ചാക്കി അഭിഷേക് മടങ്ങി; തകർത്തത് ചിന്നാർ പുഴയിലെ ആ കൊടുംവളവ്"
english_title: "Honeymoon Trip Turns Tragic Young Man Dies As Car Falls Into Chinnar River In Idukki"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/384374/ idukki-upputhara-car-accident-chinnar-river-honeymoon-youth-death-abhishek"
published_at: "2026-09-27T10:22:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab8a1df0c955_idukki-upputhara-car-accident-chinnar-river-honeymoon-youth-death-abhishek.jpg"
keywords: ["Idukki Upputhara Accident", "Chinnar River Car Accident", "Honeymoon Accident Kerala", "Abhishek S Nair Death"]
---

# വിവാഹം കഴിഞ്ഞ് 40-ാം നാൾ കാവ്യയെ തനിച്ചാക്കി അഭിഷേക് മടങ്ങി; തകർത്തത് ചിന്നാർ പുഴയിലെ ആ കൊടുംവളവ്

> **Lead Summary:** **ഉപ്പുതറ (ഇടുക്കി): **സ്വപ്നങ്ങൾ നെയ്തൊരു മധുവിധു യാത്രയ്ക്കായിരുന്നു അവർ ഹൈറേഞ്ചിലെത്തിയത്. ഓഗസ്റ്റ് 9 ന് കൈപിടിച്ച കാവ്യക്കൊപ്പം ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങൾ ആഘോഷിക്കാൻ. പക്ഷേ വിധി മറ്റൊന്നായിരുന്നു കരുതിവെച്ചത്.

## Article Content

**ഉപ്പുതറ (ഇടുക്കി): **സ്വപ്നങ്ങൾ നെയ്തൊരു മധുവിധു യാത്രയ്ക്കായിരുന്നു അവർ ഹൈറേഞ്ചിലെത്തിയത്. ഓഗസ്റ്റ് 9 ന് കൈപിടിച്ച കാവ്യക്കൊപ്പം ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനങ്ങൾ ആഘോഷിക്കാൻ. പക്ഷേ വിധി മറ്റൊന്നായിരുന്നു കരുതിവെച്ചത്.

സന്തോഷം നിറഞ്ഞ ആ യാത്രയെ കണ്ണീരിലാഴ്ത്തി ചിന്നാർ പുഴ ആ യുവാവിന്റെ ജീവൻ കവർന്നു. പത്തനംതിട്ട അടൂർ വടക്കടത്തുകാവ് അഭിഷേകം വീട്ടിൽ സുകുമാർ-ലക്ഷ്മി ദമ്പതിമാരുടെ മകൻ അഭിഷേക് എസ്. നായർ (28) ആണ് ഈ ദാരുണ അപകടത്തിൽ പൊലിഞ്ഞത്. ഇനിയും മായാത്ത വിവാഹത്തിന്റെ മധുരം പേറി എത്തിയ ഭാര്യ കാവ്യ ഉൾപ്പെടെ നാലുപേർ പരിക്കേറ്റ് ജീവിതത്തിനും മരണത്തിനുമിടയിൽ.

വെള്ളിയാഴ്ച രാത്രി പത്തുമണിയോടെയായിരുന്നു നാടിനെ നടുക്കിയ ആ അപകടം. കുട്ടിക്കാനത്ത് മുറിയെടുത്ത ശേഷം കുമളിയിലെ റിസോർട്ടിൽ താമസിച്ച സുഹൃത്ത് വിഷ്ണുവിനെ കാണാൻ പോകുകയായിരുന്നു അഭിഷേകും സംഘവും. കാറിൽ അഭിഷേകിനും കാവ്യക്കുമൊപ്പം സുഹൃത്തുക്കളായ സൗരവ്, അഭിറാം, അഫ്സൽ എന്നിവരും ഉണ്ടായിരുന്നു.

സൗരവായിരുന്നു ഡ്രൈവർ. മൂന്നാംമൈൽ ഇറക്കമിറങ്ങി നാലാംമൈൽ പാലത്തിലേക്ക് കയറുന്ന കൊടുംവളവിൽ നിയന്ത്രണം നഷ്ടമായ കാർ, തകർന്നു കിടന്ന ക്രാഷ് ബാരിയറിന്റെ വിടവിലൂടെ ചിന്നാർ പുഴയിലേക്ക് കീഴ്മേൽ മറിഞ്ഞു വീഴുകയായിരുന്നു. ചില്ലുകൾ തകർന്ന് വീഴ്ചയുടെ ആഘാതത്തിൽ സൗരവും അഭിറാമും പുറത്തിറങ്ങി.

നാട്ടുകാർ ഓടിയെത്തി ആദ്യം കാവ്യയെ വെള്ളത്തിൽ നിന്ന് വലിച്ചെടുത്തു. മുൻസീറ്റിൽ കുടുങ്ങിക്കിടന്ന അഭിഷേകിനെ ചില്ലു തകർത്ത് ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. സി.പി.ആർ നൽകി ഉടൻ പീരുമേട് താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ആ ജീവൻ രക്ഷിക്കാനായില്ല.

നാട്ടിൽ ഹാർഡ്‌വെയർ ബിസിനസ് നടത്തുകയായിരുന്നു അഭിഷേക്. സഹോദരൻ അഭിജിത്ത്. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. വെറും 40 ദിവസം മുൻപ് വിവാഹം കഴിഞ്ഞ യുവാവിന്റെ വിയോഗത്തിന്റെ ഞെട്ടലിലാണ് അടൂരും ഉപ്പുതറയും.

അതേസമയം ചിന്നാർ നാലാംമൈലിലുണ്ടായ ദാരുണമായ കാറപകടത്തിൽ യുവാവ് മരിക്കാൻ കാരണം പൊതുമരാമത്ത് വകുപ്പിന്റെ ഗുരുതരമായ അനാസ്ഥയെന്ന് ആക്ഷേപം. അഞ്ചുമാസം മുൻപ് ലോറിയിടിച്ച് തകർന്ന ക്രാഷ് ബാരിയറിനിടയിലൂടെയാണ് വാഹനം പുഴയിലേക്ക് മറിഞ്ഞത്. സംഭവത്തിൽ ലോറിയുടമയിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് 10,000 രൂപയും, വാട്ടർ അതോറിറ്റി പൈപ്പ് തകർത്തതിന് 6,500 രൂപയും ഈടാക്കിയിരുന്നു.

വാട്ടർ അതോറിറ്റി തങ്ങളുടെ പൈപ്പ് ലൈൻ പുനഃസ്ഥാപിച്ചെങ്കിലും പൊതുമരാമത്ത് വകുപ്പ് യാതൊരു അറ്റകുറ്റപ്പണിയും നടത്തിയില്ല. അപകടസാധ്യതയുള്ള ഭാഗത്ത് മുന്നറിയിപ്പ് നൽകാൻ റിബൺ പോലും കെട്ടാൻ അധികൃതർ തയ്യാറായില്ല. വകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഈ വീഴ്ചയാണ് സമയബന്ധിതമായി പരിഹരിക്കപ്പെട്ടിരുന്നെങ്കിൽ ഒരു മനുഷ്യന്റെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു.

English Summary:

Abhishek came to high range with wife Kavya to celebrate honeymoon. No one thought tragedy would strike that happy journey. Accident claimed Abhishek's life. Abhishek S. Nair (28), Abhishekam house, Vadakkadathukavu, Adoor, Pathanamthitta, died in accident where car overturned into Chinnar river. Four including wife Kavya injured. Abhishek and Kavya got married on August 9. Incident was around 10 pm Friday. Along with Abhishek and Kavya, friends Saurav, Abhiram, Afsal were also in car. They had taken room in Kuttikanam. Another friend Vishnu and wife in this group had taken resort in Kumily. Accident happened when Abhishek and others were going towards them. Saurav was driving car. While descending third mile and climbing to fourth mile bridge, lost control of car without turning curve. Crash barrier on left side of bridge was broken. Car overturned into river through that part. Saurav and Abhiram came out through broken glasses in fall. By then locals in town also rushed and first took out Kavya. Abhishek who was in front seat was taken out after breaking glass with great difficulty and brought to road. After giving CPR, nearby ambulance was called immediately and taken to Peermade Taluk Hospital but could not be saved. Other four have minor injuries only.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/384374/ idukki-upputhara-car-accident-chinnar-river-honeymoon-youth-death-abhishek)